Monday, June 10, 2013

ബസ്‌


പാരിടത്തിന്റെ  പ്രതീകം...
കയറുന്നവന്‍ 
 ഈ  ഭൂമിയില്‍  വന്നു  പിറക്കുന്നവനെ  പോലെ...
ഇറങ്ങുന്നവന്‍  
മരിച്ചു  പിരിയുന്നവനെ  പോലെ...
ഇരിപ്പിടം  കിട്ടിയവന്‍  
 അടുത്തുള്ളവനെ   പരിഗണിക്കാതെ 
നിറഞ്ഞിരിക്കുന്നു...
ചിലര്‍  ഞെക്കി  ഞെരുങ്ങി   
പകുതി  ശരീര   ഭാഗം പുറത്തായി  
തളര്‍ന്നു  പോകുന്നു..
ഇരിക്കാന്‍  കാത്തിരിക്കുന്നവര്‍ 
ഉപവിഷ്ടവരായവരെക്കാള്‍  എത്രയോ  അധികം..
കയ്യുക്കുള്ളവന്‍  കാര്യം  നേടുന്നു...
 മുന്നിലെത്താന്‍  മത്സരം..
സീറ്റ്  സ്വന്തമാക്കാന്‍  വീറും   വാശിയും..
വൃദ്ധന്റെ  ഊന്നു  വടി  പിടിച്ചു  കൊള്ളാം  
എന്ന്  പറയുന്ന  ഉദാര  മനസ്കത...!
സംവരണ  സീറ്റിലും   സവർണാധിപത്യം പോലെ 
പെണ്ണ്  പുരുഷന്റെ   മഹാമാനസ്കതയില്‍  
പ്രതീക്ഷ  അര്‍പ്പിക്കേണ്ടി  വരുന്നു...!
ലക്ഷ്യമല്ല  ഉന്നം....
 മിക്കവരും യാത്രയില്‍  അഭിരമിക്കുന്നവര്‍..
ടിക്കറ്റെടുക്കാതെ  മന്യരായി   
നടിക്കുന്നവരുടെ   നീണ്ട  നിര...
ബ്രേക്ക്‌  ചവിട്ടാന്‍  മടിക്കുന്ന  സാരഥി  
ഭൂമിയിലിടം  നിഷേധിക്കുന്ന  ക്രുരനായ  ജന്മി...!
കാത്തു  നില്‍കുന്നവര്‍  കയറാന്‍  നേരം 
മണിയടിച്ച്  ധര്ഷ്ട്യത്തിന്റെ  
വേഗം  കൂട്ടുന്നവര്‍...
ബസ്‌...പാരിടത്തിന്റെ  പ്രതീകം..

Wednesday, March 20, 2013

നിലാവിനെ സ്നേഹിച്ച പെണ്ണ്


അമാവാസി നാളിലാണ്
അനുരാഗം അവളുടെ
അകതാരില്‍ ഇതളിട്ടത്
അനന്തമായ ആകാശത്തിലേക്ക്
ആലോല നീല ലോചനകള്‍ പായിച്ചു
അവള്‍ ഇരുന്നു
നിശിതമായ നോട്ടം കൊണ്ട്
മുകില്‍മാലകളുടെ അമേയമായ
അടരുകള്‍ അവള്‍ അടര്‍ത്തി മാറ്റി
നോക്കി നോക്കി ഇരുളിന്റെ
അതിരുകളില്ലാത്ത ആഴത്തില്‍ നിന്ന്
ഒരു പൊരി അവള്‍ ഉയിര്‍പ്പിച്ചു
അവളുടെ നിശ്വാസം നിരന്തരമേറ്റ്
ഊഷ്മളമായിത്തീര്‍ന്ന ആ ബിന്ദു
നാളില്‍ നാളില്‍ തിടം വച്ച്
പൌര്‍ണ്ണമിയായി
ആ കടാക്ഷത്തിന്റെ
കരാങ്കുലികള്‍
ഉഷ്ണത്തിന്റെ ഉലയില്‍
രാഗരശ്മികള്‍ തൂകി തണുപ്പിച്ചു
പ്രകാശത്തിന്റെ പാല്‍പുഴയില്‍
പാരിടം പട്ടുനൂലിഴകള്‍ പാവിട്ട
പരവതാനിയായി
പരിമൃതു പവനന്റെ
പരിലാളനയില്‍
പവിഴമാലയണിഞ്ഞ്
പാതിരാ ജയിച്ചു
അവളുടെ നീലായത നക്ഷത്ര നേത്രം
പ്രണയ കവിതയില്‍
പുതുവരികള്‍ എഴുതി
ചേര്‍ത്തു കോണ്ടേയിരുന്നു


Tuesday, February 26, 2013

ഭാഷ !

 ഇതില്‍ എഴുതിയിരിക്കുന്നത്
 രക്തം കൊണ്ട്..!
ഈ കടലാസിന് 
കണ്ണുനീരിന്റെ  ഉപ്പ്..
ഇത് വായിക്കുമ്പോള്‍
കണ്ണുകള്‍ക്ക്‌ തിമിരം..
ഹൃദയത്തിന് ,
തീക്കനലിനേക്കാള്‍ പൊള്ളല്‍..
നാവിനു ,
കാഞ്ഞിരത്തേക്കാള്‍ കൈപ്പ്..
വാളിനേക്കാള്‍ മൂര്‍ച്ച..
വായിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകളും
 കടയുന്നുവോ?
നെഞ്ചില്‍ നീറുന്ന നെരിപ്പോട്..
കബന്ധങ്ങളുടെ മണമുണ്ടതിന്
എഴുതിയ ആള്‍ക്ക് മാത്രമേ
ഇതൊക്കെ മനസ്സിലാവൂ
എന്നതാണ് ഈ എഴുത്തിന്റെ ഗതികേട്..!