Wednesday, March 20, 2013

നിലാവിനെ സ്നേഹിച്ച പെണ്ണ്


അമാവാസി നാളിലാണ്
അനുരാഗം അവളുടെ
അകതാരില്‍ ഇതളിട്ടത്
അനന്തമായ ആകാശത്തിലേക്ക്
ആലോല നീല ലോചനകള്‍ പായിച്ചു
അവള്‍ ഇരുന്നു
നിശിതമായ നോട്ടം കൊണ്ട്
മുകില്‍മാലകളുടെ അമേയമായ
അടരുകള്‍ അവള്‍ അടര്‍ത്തി മാറ്റി
നോക്കി നോക്കി ഇരുളിന്റെ
അതിരുകളില്ലാത്ത ആഴത്തില്‍ നിന്ന്
ഒരു പൊരി അവള്‍ ഉയിര്‍പ്പിച്ചു
അവളുടെ നിശ്വാസം നിരന്തരമേറ്റ്
ഊഷ്മളമായിത്തീര്‍ന്ന ആ ബിന്ദു
നാളില്‍ നാളില്‍ തിടം വച്ച്
പൌര്‍ണ്ണമിയായി
ആ കടാക്ഷത്തിന്റെ
കരാങ്കുലികള്‍
ഉഷ്ണത്തിന്റെ ഉലയില്‍
രാഗരശ്മികള്‍ തൂകി തണുപ്പിച്ചു
പ്രകാശത്തിന്റെ പാല്‍പുഴയില്‍
പാരിടം പട്ടുനൂലിഴകള്‍ പാവിട്ട
പരവതാനിയായി
പരിമൃതു പവനന്റെ
പരിലാളനയില്‍
പവിഴമാലയണിഞ്ഞ്
പാതിരാ ജയിച്ചു
അവളുടെ നീലായത നക്ഷത്ര നേത്രം
പ്രണയ കവിതയില്‍
പുതുവരികള്‍ എഴുതി
ചേര്‍ത്തു കോണ്ടേയിരുന്നു